ഏകാദശി ദിനത്തില്‍ തിരക്കൊഴിഞ്ഞ് ഗുരുവായൂര്‍ ക്ഷേത്ര പരിസരം

ഗുരുവായൂര്‍: ശബരിമല സന്നിധാനത്തെ സംഘര്‍ഷാവസ്ഥ ഗുരുവായൂര്‍ ഏകാദശിയെയും ബാധിച്ചു. ഏകാദശി ദിനത്തില്‍ ഗുരുവായൂരില്‍ ഭക്തരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. ക്ഷേത്ര നഗരിയിലെത്തിയത് മുന്‍ വര്‍ഷങ്ങളില്‍ നിന്നുള്ള നേര്‍പകുതി ഭക്തര്‍ മാത്രം.

വിശേഷ ദിവസങ്ങളില്‍ ഭക്തരെകൊണ്ട് നിറഞ്ഞു കവിയേണ്ട ക്ഷേത്ര പരിസരം പതിവ് ദിവസങ്ങളിലേതിന് സമാനമായിരുന്നു. ഈ സമയത്ത് അയ്യപ്പഭക്തര്‍ ഇവിടേക്ക് ധാരാളമായി എത്താറുണ്ട്. തൃശൂര്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഭക്തരുടെ പ്രവാഹം ഗണ്യമായി കുറഞ്ഞതായാണ് കണക്ക്. ഇത് ക്ഷേത്ര വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ മാസങ്ങളായി ക്ഷേത്ര വരുമാനത്തില്‍ ഒരു കോടിയോളം രൂപയുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.