ശബരിമലയില്‍ പൊലീസ് അതിരു കടക്കുന്നു; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ശബരിമലയില്‍ ഭക്തര്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സുപ്രീംകോടതി വിധിയുടെ മറവില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. ഭക്തരെ ബന്ദിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കേണ്ട. അമിത ഇടപെടല്‍ പാടില്ല. നിലക്കലിലടക്കം ഭക്തര്‍ക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ശബരിമലയില്‍ പൊലീസ് അതിരു കടക്കുകയാണ്. സന്നിധാനത്ത് ഇത്രയും പൊലീസ് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇപ്പോഴുള്ള പൊലീസുകാര്‍ ക്രൗഡ് മാനേജ്‌മെന്റിന് യോഗ്യരാണോ എന്നറിയിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. വിഷയത്തില്‍ ഒന്നേമുക്കാലിന് എജി ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അയ്യപ്പന്മാരെ തങ്ങാന്‍ അനുവദിക്കാത്തത് ആരെന്ന് വിശദീകരിക്കണം. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തധികാരമാണുള്ളത്. നടപ്പന്തലില്‍ ഭക്തര്‍ വിരിവക്കാതിരിക്കാന്‍ ആര് പറഞ്ഞിട്ടാണ് വെള്ളം തളിച്ചത്. ഏത് ഉദ്യോഗസ്ഥനാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നും കോടതി ചോദിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്.