കല്‍ക്കരി ഖനനത്തിന് സ്വകാര്യമേഖലയ്ക്ക്‌ അനുമതി

വാണിജ്യ ആവശ്യങ്ങൾക്കായുള്ള കൽക്കരി ഖനനം ചെയ്യുന്നതിന് സ്വകാര്യ മേഖലക്ക് അനുമതി നല്കാൻ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 1973-ല്‍ ഖനികള്‍ ദേശസാത്കരിച്ചതിനുശേഷം കൈക്കൊള്ളുന്ന ഏറ്റവും നിര്‍ണായകമായ നടപടിയാണിത്. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യക്കായിരുന്നു നിലവില്‍ കല്‍ക്കരിഖനികളുടെ ഉടമസ്ഥത. ഇത് ഒഴിവാക്കിയാണ് പുതിയ തീരുമാനം. സ്വന്തം ആവശ്യത്തിന് മാത്രമായിരുന്നു ഇത് വരെ കൽക്കരി ഖനനത്തിൽ സ്വകാര്യ കമ്പനികളെ അനുവദിച്ചിരുന്നത്. കോൾ ഇന്ത്യക്കു മാത്രമായിരുന്നു ഇത് വരെ വാണിജ്യാടിസ്ഥാനത്തിൽ കുഴിച്ചെടുക്കാനും വിപണനം ചെയ്യുവാനും ഉള്ള അവകാശം. പുതിയ തീരുമാനത്തോട് കൂടി അത് സ്വകാര്യ കമ്പനികൾക്ക് കൂടി ലഭിച്ചിരിക്കുകയാണ് 

കൂടുതല്‍ നിക്ഷേപവും തൊഴിലവസരവും സുതാര്യതയും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഇതിനായി 2015-ലെ കല്‍ക്കരി ഖനന (പ്രത്യേക നിബന്ധനകള്‍)ചട്ടം, 1957-ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍)ചട്ടം എന്നിവപ്രകാരം ലേലം ചെയ്യുന്നതിനുള്ള നടത്തിപ്പുരീതിക്ക് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതി അംഗീകാരം നല്‍കി. ഓരോ ടണ്ണിനും എത്രരൂപ എന്ന നിലയിലായിരിക്കും ലേലത്തിനുള്ള മാനദണ്ഡം നിശ്ചയിക്കുക