അതെ മാനുഷി ചില്ലാർ, ഇന്ത്യ ബുദ്ധിമതികളുടെയും നാടാണ്

'അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അതുകൊണ്ട് തന്നെ അമ്മയുടെ ജോലി എന്ന് ഞാന്‍ ഉറപ്പായും പറയും. അത് പണം മാത്രമല്ല, ഏറ്റവും കൂടുതല്‍ സ്‌നേഹവും ബഹുമാനവും കൂടിയാണ്. അതെ അമ്മയാണ് ഏറ്റവും കൂടുതല്‍ അത് അര്‍ഹിക്കുന്നത്.'-ഈ ഉത്തരമാണ് പതിനേഴു വർഷങ്ങൾക്കു ശേഷം വീണ്ടും ലോക സൗന്ദര്യകിരീടം ഒരു ഇന്ത്യൻ വനിതയെ തേടിയെത്താൻ കളമൊരുക്കിയത്. അതെ ഈ ദിനങ്ങൾ ഹരിയാണ സുന്ദരി മാനുഷി ഛില്ലാറിന്റെതാണ്. ലോകത്തിനു മുമ്പിൽ കുടുംബ ബന്ധങ്ങൾക്ക്‌ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ഭാരതത്തിൽ നിന്ന് തന്നെ, ഒരു വലിയ ഉത്തരത്തിലൂടെ അമ്മയെ ഉയർത്തി കാട്ടി സൗന്ദര്യ കിരീടം ഇന്ത്യയിലെത്തിച്ചതിലൂടെ മാനുഷി ചില്ലാർ നമുക്കെല്ലാം അഭിമാനമാകുകയാണ്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 108 മത്സാരാര്‍ത്ഥികളെ പിന്തള്ളിയാണ് ആറാം തവണ ഇന്ത്യക്ക് മാനുഷി കിരീടം സമ്മാനിച്ചത്. 2000-ത്തില്‍ പ്രിയങ്കാ ചോപ്രയാണ് സൗന്ദര്യത്തിന്റെ അവസാനവാക്കായ ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ചത്.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 28 മത്സരാര്‍ത്ഥികളെ പിറകിലാക്കിയാണ് മാനുഷി ഇത്തവണ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്. മെഡിക്കല്‍ വിദ്യാർത്ഥിനിയാണ് ഈ ബുദ്ധിമതി. കാർഡിയാക് സർജെന് പഠിക്കുന്ന ഇവർ പഠനത്തോടപ്പം സാഹസികതയും മോഡലിങ്ങും ഒരു പോലെ കൊണ്ട് നടക്കുന്ന ആളാണ്. ഇതിനെല്ലാം പുറമേ ക്ലാസിക്ക് ഡാന്‍സറും ചിത്രകാരിയുമാണ് മാനുഷി. സ്ത്രീ ശാക്തീകരണത്തിനായി ഇരുപതോളം ഗ്രാമങ്ങളിൽ സ്വയം സഞ്ചരിച്ചു അയ്യായിരത്തിൽ പരം വനിതകളുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ട് വരുവാൻ ഡോക്ടർ ദമ്പതികളുടെ മകളായ മാനുഷിക്കു കഴിഞ്ഞു എന്നത് തന്നെ വലിയ നേട്ടമായി കരുതാം.