കേരളത്തിൽ പെരുമഴക്കാലം, നാശനഷ്ടങ്ങൾക്കൊപ്പം സന്തോഷവും

വളരെ കാലത്തിന് ശേഷം പെയ്ത കനത്ത മഴയിൽ കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും പരക്കെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാ പുഴകളും തോടുകളും കരകവിഞ്ഞു ഒഴുകുകയാണ്. പാലക്കാട് അട്ടപ്പാടി ഭാഗത്തു കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏകദേശം ഇരുപത്തഞ്ചോളം വീടുകൾ തകർന്നു. അപകടസാധ്യത കണക്കിലെടുത്ത് പാലക്കാട് അട്ടപ്പാടി ചുരത്തിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അട്ടപ്പാടി ചുരത്തിലെ 15 ഇടങ്ങളില്‍ ഇന്നലെ മണ്ണിടിഞ്ഞിരുന്നു. അപകട സാധ്യത മുൻനിർത്തി പ്രദേശത്തെ ആദിവാസികളെ അവിടെ നിന്നും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ അൻപതു വർഷത്തിനിടയിലെ ശക്തമായ മഴയാണ് ഇതെന്ന് പ്രദേശവാസികൾ പറയുന്നു.
പെരിയാര്‍ നിറഞ്ഞതിനെ തുടര്‍ന്ന് ആലുവ മഹാദേവക്ഷേത്രം വീണ്ടും വെള്ളത്തിനടിയിലായി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്ഷേത്രം വീണ്ടും വെള്ളത്തിനടിയിലാകുന്നത്. പാലക്കാടൊഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് അൽപ്പം ശമനം വന്നിട്ടുണ്ട്.  താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണി നില്‍നില്‍ക്കുന്നതിനാല്‍ ഗതാഗതം കുറ്റ്യാടി ചുരം വഴി തിരിച്ചു വിട്ടിരിക്കുകയാണ്.
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മൂന്നാറിലേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ആരും പുഴയിലേക്കിറങ്ങരുതെന്നു കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 
പക്ഷെ കനത്ത വേനലും കുടിവെള്ളമില്ലായ്മയും മൂലം വലഞ്ഞ കേരളത്തിന്റെ മിക്കഭാഗങ്ങളിലെയും ജനങ്ങൾ ഈ മഴയോടെ സന്തോഷത്തിലാണ്. കർക്കിടകത്തിൽ പെയ്യേണ്ടതിനു ചിങ്ങത്തിൽ വീട്ടി എന്നാണ് പൊതു സംസാരം