loader
Thirunakkara Sivan

Thirunakkara Sivan

കോട്ടയം നഗരമധ്യത്തിലെ പ്രശസ്തമായ മഹാദേവക്ഷേത്രമാണ് തിരുനക്കര. തിരുനക്കര തേവരുടെ അരുമയും നാട്ടുകാരുടെ അഭിമാനവുമായ 'ആനയഴകന്‍'-അതാണ് തിരുനക്കര ശിവന്‍..

ഒമ്പതേകാല്‍ അടി ഉയരം, കണ്ടാല്‍ ആരും മനസ്സ് നിറഞ്ഞ് നോക്കിനിന്നുപോകുമാറുള്ള കൊഴുത്തുരുണ്ട സുന്ദരരൂപം. അതെ, ഉയരമാണ് തങ്ങളുടെ വജ്രായുധമെന്ന് ശിവനും പറയില്ല, അവന്റെ ആരാധകരും ബലംപിടിക്കില്ല. കഴുത്ത് ഒടിയും വരെ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന തലയെടുപ്പും

പ്രശ്‌നക്കാരന്‍ എന്നു പറയാനാവില്ലെങ്കിലും ക്ഷിപ്രകോപത്തിന്റെതായ ഒരു തൃക്കണ്ണ് എല്ലായ്‌പ്പോഴും ഒളിപ്പിച്ച് വെച്ചുകൊണ്ടാണ് ഈ ശിവന്റെയും നടപ്പ്. തീറ്റ കൊടുക്കാനായാലും ശരി ഒന്നാംപാപ്പാന്‍ ഒഴികെയുള്ളവര്‍ കൂടുതല്‍ അങ്ങോട്ട് തട്ടാനും മുട്ടാനും വരുന്നത് ഇദ്ദേഹത്തിന് പിടിക്കില്ല. എന്നാല്‍, മദപ്പാടിലും മറ്റും കെട്ടാറുള്ള തിരുവാര്‍പ്പ് ക്ഷേത്രപരിസരത്ത് ഇവന് കുറച്ച് പിള്ളേര് സെറ്റുമായി കാര്യമായ ചങ്ങാത്തമുണ്ട്. ഓല തീര്‍ന്നാലും ദാഹിച്ചാലുമൊക്കെ പാപ്പാന്‍മാര്‍ അടുത്തില്ലെങ്കില്‍ അവന്‍ അവരെ വിളിച്ചാണ് കാര്യം പറയാറ്. മദപ്പാടില്‍ പോലും ഈ സുഹൃത്തുക്കള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യും.

അഴകിന്റെ ശ്രീകോവിലാണ് തിരുനക്കര ശിവന്‍ എന്നു വിശേഷിപ്പിക്കാമെങ്കില്‍ ആ ശ്രീകോവിലിന്റെ തങ്കത്താഴികക്കുടമായ ഒരവയവം ഏതെന്ന് ചോദിച്ചാല്‍ അത് ആരെയും കൊതിപ്പിക്കുന്ന ആ ചെവികള്‍ തന്നെയാണ്. കേരളത്തില്‍ തന്നെ ഏറ്റവും വലിയ ചെവികളുള്ള ആനകളെ എടുത്താല്‍ തീര്‍ച്ചയായും ഒന്നാംറാങ്ക്, അല്ലെങ്കില്‍ രണ്ടാംറാങ്ക് ഈ ശിവകുമാരന് ഉറപ്പ്. നിലത്തിഴയുന്ന നല്ല വണ്ണമുള്ള തുമ്പിക്കൈ, എടുത്തകന്ന കൊമ്പുകള്‍ എന്നിവയും ശിവന്റെ ശുഭലക്ഷണങ്ങള്‍ തന്നെ.

1990-ഒക്ടോബര്‍ പതിനേഴാം തീയതിയാണ് തിരുനക്കരയില്‍ ശിവനെ നടയ്ക്കിരുത്തുന്നത്. കോടനാട് ആനക്കൂട്ടില്‍ നിന്നായിരുന്നു വരവ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള തിരുനക്കരയിലേക്കും ഏറ്റുമാനൂരേക്കും കോടനാട് കൂട്ടില്‍ നിന്നും രണ്ട് കുമാരന്‍മാരെ ഒന്നിച്ചാണ് കണ്ടെത്തുന്നതും കൊണ്ടുവരുന്നതും. കൂട്ടത്തില്‍ നല്ലതിനെ ഏറ്റുമാനൂരുകാര്‍ ആദ്യം തന്നെ സ്വന്തമാക്കി. അവനാണ് പിന്നീട് ഏറ്റുമാനൂര്‍ നീലകണ്ഠനായത്. പെട്ടെന്ന് ആരുടെയും കണ്ണിന് പിടിക്കാത്ത പാവത്താന്‍ ചെറുക്കനാണ് തിരുനക്കരയിലേക്ക് വന്നത്. ആനക്കൂട്ടില്‍ അവന്റെ പേര് തങ്കപ്പന്‍! പക്ഷേ 'കോടനാട് തങ്കപ്പന്‍' കോട്ടയത്ത് എത്തി 'തിരുനക്കര ശിവനായ'തോടെ കളി മാറി! ഒരിക്കല്‍ ആരുടെ കണ്ണുകള്‍ക്കും പെട്ടെന്ന് ഒന്നും സുഖിക്കുമായിരുന്നില്ലാത്ത ഒരാനക്കോലം, അവനിപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ക്ക് എല്ലായ്‌പ്പോഴും സുകൃതക്കാഴ്ചയായി വിലസുന്നു

Share with Friends on Social Medias