loader
Mangalamkunnu ganapathi

Mangalamkunnu ganapathi

 ഗണപതിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ മംഗലാംകുന്നുകാര്‍ക്ക് മാത്രമല്ല കേരളത്തിലെ ആനപ്രേമികള്‍ക്കെല്ലാം നൂറ് നാവാണ്.... ഉത്സവത്തിന് ഗണപതി വരുന്നുവെന്നറിഞ്ഞാല്‍ ദേശമാകെ വഴിക്കണ്ണുമായി കാത്തിരിക്കും. ഉത്സവപ്രേമികള്‍ക്കും ആനക്കമ്പക്കാര്‍ക്കും ഗണപതി സ്വന്തമാവുന്നത് സൗമ്യമായ ഈ സൗന്ദര്യത്തികവിനോടുള്ള ആരാധനകൊണ്ടാണ്.

മൂന്ന് നാലുവര്‍ഷം മുന്‍പ് പിരായിരിയില്‍ ഗണപതി ഒരല്പം അനുസരണക്കേട് കാട്ടി. മണിക്കൂറുകള്‍ക്കകം ആനയെ തളച്ചു. തളച്ചപറമ്പിന്റെ അയല്‍പക്കക്കാരാണ് ആനയുടെ സംരക്ഷണത്തിന് പിന്നീട് നേതൃത്വം നല്‍കിയത്. ദിവസങ്ങള്‍ക്കുശേഷം ഗണപതിയെ മംഗലാംകുന്നിലേക്ക് തിരികെക്കൊണ്ടുപോവുമ്പോള്‍ മാലയും കുറിയുമണിയിച്ച് ശിങ്കാരിമേളവും ഒരുക്കിയാണ് പിരായിരി ദേശക്കാരും ഉത്സവക്കമ്മിറ്റിയും വിട നല്‍കിയത്. അന്ന് ഗണപതി ഉടക്കിയവാര്‍ത്ത പത്രങ്ങളില്‍ നല്‍കരുതെന്ന അപേക്ഷയുമായെത്തിയത് ആന ഉടമകളായിരുന്നില്ല, മറിച്ച് ആനപ്രേമികളുടെ ഒരു സംഘമായിരുന്നു. നാട്ടുകാരുമായി ഈ ഒരാത്മബന്ധം കേരളത്തില്‍ മറ്റൊരാനക്ക് അപൂര്‍വമായേ അവകാശപ്പെടാനാവൂ.

മംഗലാംകുന്ന് സഹോദരന്‍മാരായ എം.എ. ഹരിദാസിന്റെയും എം.എ. പരമേശ്വരന്റെയും ഉടമസ്ഥതയിലാണ് ഗണപതി കാരണവരായ മംഗലാംകുന്നിലെ ആനത്തറവാട്. പാലക്കാടും തൃശ്ശൂരും ഗണപതി ഫാന്‍സ് അസോസിയേഷനുകളുണ്ട്. കോന്നി ആനക്കൂട്ടില്‍നിന്ന് ഏഴാംവയസ്സില്‍ കൊല്ലത്തെ അന്നപൂര്‍ണേശ്വരി ഹോട്ടലുകാര്‍ വാങ്ങി. തുടര്‍ന്ന് കുറെക്കാലം തിരുവിതാംകൂറിലെ വ്യവസായ ഗ്രൂപ്പായ പോബ്‌സണ്‍ ഗ്രൂപ്പിന്‍േറതായിരുന്നു ഗണപതി. ഇവരില്‍നിന്ന് സിനിമാതാരം ബാബുനമ്പൂതിരി വാങ്ങി. 1989-90ലാണ് അന്നത്തെ മോഹവിലയായ 3.50 ലക്ഷം നല്‍കി ഗണപതിയെ മംഗലാംകുന്നുകാര്‍ സ്വന്തമാക്കുന്നത്. ഇന്ന് എത്ര വന്‍തുക വാഗ്ദാനം ചെയ്താലും ഗണപതിയെ വിട്ടുനല്‍കില്ലെന്ന് ഹരിദാസ് പറഞ്ഞു.

ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 298 സെ.മി. ഉയരമുണ്ട് ഗണപതിക്ക്. 18 നഖം, ഇഴഞ്ഞതുമ്പി, എടുത്ത കൊമ്പുകള്‍, ഉയര്‍ന്ന മസ്തകം തുടങ്ങി ലക്ഷണശാസ്ത്രം അപ്പാടെ ഗണപതിയില്‍ കൊത്തിവെച്ചിട്ടുണ്ട്.

സാധാരണയിലും കൂടുതല്‍ വീതിയുള്ള നെറ്റിപ്പട്ടം വേണം ഗണപതിക്ക്. ഏറെക്കാലം പാപ്പാനായിരുന്ന ശങ്കരനാരായണനെ പലപ്പോഴും ആന 'സംരക്ഷിച്ച' കഥകളൊക്കെ ഇന്നും ആനക്കമ്പക്കാര്‍ക്ക് ഓര്‍ക്കാനുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ബാലകൃഷ്ണനാണ് ചട്ടക്കാരനായിട്ടുള്ളത്.

ശ്രീകൃഷ്ണപുരം മുടവനം കാവില്‍നിന്ന് ദേശക്കാര്‍ സമ്മാനിച്ച ഗജശ്രേഷ്ഠപട്ടം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ ഈ ഗജസൗന്ദര്യത്തിനു ലഭിച്ചിട്ടുണ്ട്. 

  •  

  •  

     

     

     
     

     

 

Share with Friends on Social Medias